പാറ്റൂരില്‍ ഭൂമി തിരിച്ചു പിടിക്കാന്‍ ലോകായുക്ത ഉത്തരവ്

landതിരുവനന്തപുരം: പാറ്റൂരില്‍ ഫ്ളാറ്റ് നിര്‍മാണത്തിനായി കൈയേറിയ പുറന്പോക്ക് ഭൂമിയില്‍പ്പെട്ട 12 സെന്‍റ് തിരിച്ചു പിടിക്കാന്‍ ലോകായുക്ത ഉത്തരവ്. ജില്ലാ കലക്ടര്‍ സ്ഥലമേറ്റെടുത്ത് റിപ്പോര്‍ട്ട് നല്‍കണമെന്നും പുറന്പോക്ക് ഭൂമി മതില്‍കെട്ടി തിരിക്കണമെന്നും ലോകായുക്ത നിര്‍ദേശിച്ചു. ഭൂമി കൈയേറിയതാണെന്ന് അമിക്കസ് ക്യൂറിയും അഭിഭാഷക കമ്മിഷനും കണ്ടെത്തിയതിനെ തുടര്‍ന്നാണു നടപടി. ഭൂമി കൈയേറിയതാണെന്ന കാര്യം ഫ്ളാറ്റ് ഉടമകളും സമ്മതിച്ചിരുന്നു. ആര്‍ക്കും തര്‍ക്കമില്ലാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ ലോകായുക്ത ഉത്തരവിട്ടത്. വിവാദമായ പാറ്റൂര്‍ കേസില്‍ 30 സെന്‍റ് ഭൂമിയിലാണ് സ്വകാര്യവ്യക്തി കെട്ടിടം നിര്‍മിച്ചിട്ടുള്ളത്.

ഇതില്‍ അനധികൃതമായി കൈയേറിയ 12 സെന്‍റ് ഭൂമി തിരിച്ചെടുക്കാനാണ് ജസ്റ്റിസ് പയസ് കുര്യാക്കോസ് ഉത്തരവിട്ടത്. അതേസമയം തര്‍ക്കമുള്ള നാല് സെന്‍റ് ഭൂമി സംബന്ധിച്ച്‌ ഇന്ന് വാദം കേള്‍ക്കും. ഭൂമി തിരിച്ച്‌ പിടിക്കുന്നതിനുള്ള നടപടികളുമായി ഫ്ളാറ്റ് ഉടമകള്‍ സഹകരിക്കണമെന്ന് ലോകായുക്ത നിര്‍ദേശിച്ചു. പാറ്റൂരില്‍ 16 സെന്‍റിലധികം പുറന്പോക്ക് ഭൂമി ഉണ്ടെന്നാണ് ലോകായുക്തയുടെ കണക്കുകൂട്ടല്‍. പാറ്റൂരില്‍ സര്‍വേ നടത്തിയ ഉദ്യോഗസ്ഥര്‍ പല തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ലോകായുക്തയില്‍ സമര്‍പ്പിച്ചത്. പുറന്പോക്ക് ഭൂമി 12 മുതല്‍ 16 സെന്‍റ് വരെയുണ്ടെന്നു കാണിക്കുന്നതാണ് റിപ്പോര്‍ട്ടുകള്‍. ജലസേചന വകുപ്പിന്‍റെ കീഴിലുള്ള പാറ്റൂര്‍-വലിയതുറ മലിനജല പ്ലാന്‍റിന്‍റെ പൈപ്പ് ലൈന്‍ പോകുന്ന 50 മീറ്റര്‍ ദൂരമുള്ള 16.5 സെന്‍റ് ഭൂമി സ്വകാര്യ ഫ്ളാറ്റ് ഉടമ കൈയേറിയെന്നായിരുന്നു എറണാകുളം സ്വദേശി ജോയ് കൈതാരം ഫയല്‍ ചെയ്ത ഹര്‍ജിയിലെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *