രാജ്യത്തെ എല്ലാ സാമ്പത്തിക ഇടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കും

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ആവശ്യങ്ങൾക്കും ഇനി ആധാർ കാർഡ് നിർബന്ധമാകുന്നു.അതിന്റെ മുന്നോടിയായി ആധാര്‍ അധിഷ്‍ഠിത നോ യുവര്‍ കസ്‍‍റ്റമര്‍ (കെവൈസി) പദ്ധതി സാമ്പത്തിക രംഗത്ത് വ്യാപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി എന്നിവ ഇല്ലാതാകുമെന്നും ഭാവിയില്‍ എല്ലാ ആവശ്യങ്ങള്‍ക്കും ആധാര്‍ മാത്രം മതിയാകുമെന്നും ധനമന്ത്രി അരു‍ണ്‍ ജെയ്‍റ്റ്‍ലി ഏതാനും ദിവസം മുന്‍പ് ലോക് സഭയിലും പറഞ്ഞിരുന്നു.

പാന്‍ കാര്‍ഡ്, ആദായ നികുതി അടവ് എന്നിവയ്‍ക്ക് ബുധനാഴ്‍ച മുതല്‍ ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതിനു പിന്നാലെ ആധാര്‍ അധിഷ്‍ഠിത കെവൈസി വ്യാപിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുമായി ചര്‍ച്ച തുടങ്ങിയതായി അധികൃതര്‍ പറഞ്ഞു.ധനകാര്യ ബില്ലിലെ ഒരു അനുച്ഛേദത്തിലൂടെയാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനും ആധാര്‍ നമ്പര്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത്. നിലവില്‍ ആധാര്‍ കാര്‍ഡ് ഉള്ളവര്‍ അവരുടെ വിരലടയാളം ഏതെങ്കിലും സാമ്പത്തിക ഇടനിലക്കാരന് നല്‍കണം. അവര്‍ അത് ആ മേഖലയെ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ സ്ഥാപനത്തിന് കൈമാറുകയും അതുവഴി ഡേറ്റാബേസ് പുതുക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *