കലിക്കറ്റിലെ അതിക്രമം; ‘ആകാശംമുട്ടെ പരാതികള്‍’ആകാശത്തേക്ക് പരാതികളയച്ച് പെണ്‍കുട്ടികളുടെ പ്രതിഷേധം

ddതേഞ്ഞിപ്പലം : സുരക്ഷിതമല്ലാത്ത ക്യാമ്പസ് അന്തരീക്ഷത്തിനെതിരെ പുതുമായര്‍ന്ന പ്രതിഷേധവുമായി കലിക്കറ്റ് യൂണിവേഴ്സിറ്റി പഠനവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍. ശാരീരികാക്രമണങ്ങളും ലൈംഗിക ചുവയുള്ള അവഹേളനവും സഹിക്കാവുന്നതിലപ്പുറമായതോടെയാണ് എസ്എഫ്ഐ ആഭിമുഖ്യത്തില്‍ ‘ആകാശംമുട്ടെ പരാതികള്‍’ എന്ന പരിപാടി സംഘടിപ്പിച്ചത്. പരാതികള്‍ ബലൂണുകളില്‍ തൂക്കി ആകാശത്തിലേക്കുയര്‍ത്തിവിട്ടായിരുന്നു പ്രതീകാത്മക സമരം. മരങ്ങളും ചെടികളും പറവകളുമെങ്കിലും ദുഃഖങ്ങളും ദുരിതങ്ങളും കേള്‍ക്കട്ടെയെന്നായിരുന്നു അവരുടെ സമരമാര്‍ഗത്തിന്റെ ലക്ഷ്യം.വിദ്യാര്‍ഥികളുടെ നേരെ സ്ഫോടക വസ്തുക്കള്‍ എറിഞ്ഞിട്ടും അക്രമികളെ സംരക്ഷിക്കുന്ന നയം തുടരുകയാണ് സര്‍വകലാശാലാ അധികൃതരെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

രജിസ്ട്രാര്‍ ഓഫീസില്‍ പരാതി പരിഹാരമില്ലാതെ ഫയലിലുറങ്ങുന്നു. തുടര്‍ന്നാണ് ചാന്‍സലറെയും ചീഫ് ജസ്റ്റിസിനെയും സമീപിച്ചതെന്നും അവര്‍ തുറന്നുപറഞ്ഞു.വെള്ളിയാഴ്ച രാവിലെ സ്റ്റുഡന്‍സ് ട്രാപ്പിലായിരുന്നു പുതുസമരം. അക്ഷയ ജി അശോകന്‍ അധ്യക്ഷയായി. അസോസിയേഷന്‍ ഓഫ് കലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് സെക്രട്ടറി ഡോ. പി ശിവദാസന്‍, എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം കെ എ അജ്നാസ് എന്നിവര്‍ സംസാരിച്ചു. എന്‍ നീതു സ്വാഗതവും പി കവിത നന്ദിയും പറഞ്ഞു. അതേസമയം, യുജിസിയും ചാന്‍സലര്‍കൂടിയായ ഗവര്‍ണറും റിപ്പോര്‍ട്ട് തേടിയിട്ടും വിദ്യാര്‍ഥികള്‍ക്കുനേരെയുള്ള അതിക്രമത്തില്‍ സര്‍വകലാശലാ അധികൃതര്‍ നടപടിയെടുക്കുന്നില്ല. ആരോപണവിധേയരെ സംരക്ഷിക്കുകയും പരാതിക്കാരെ കുറ്റപ്പെടുത്തുകയുമാണ്. വിദ്യാര്‍ഥികളുടെ പരാതിയില്‍ ഗൌരവമില്ലെന്ന നിലപാടിലാണ് അധികൃതര്‍.അറുന്നൂറോളം വിദ്യാര്‍ഥിനികള്‍ ചാന്‍സലര്‍ക്ക് പരാതി നല്‍കുകയും യുജിസി റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തതോടെയാണ് പ്രാഥമികാന്വേഷണത്തിനുപോലും വൈസ് ചാന്‍സലര്‍ നിര്‍ദേശം നല്‍കിയത്. പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കി പഠനവിഭാഗം മേധാവികള്‍ രജിസ്ട്രാര്‍ക്ക് നല്‍കിയെങ്കിലും അത് ദിവസങ്ങളോളം ഓഫീസില്‍ കിടന്നു.

വിദ്യാര്‍ഥിനികള്‍ ഇടപെട്ടതോടെയാണ് സര്‍വകലാശാലാ തലത്തിലുള്ള ആന്റി റാഗിങ് കമ്മിറ്റിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. വിദ്യാര്‍ഥിനികളുടെ പരാതിയില്‍ അന്വേഷണം നടത്തി നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍തന്നെ റാഗിങ് പരാതിയില്‍ കഴമ്പുണ്ടെന്നും വിശദ അന്വേഷണം വേണമെന്നും ശുപാര്‍ശ ചെയ്യുന്നുണ്ട്. ഇത് യുജിസിക്ക് അയച്ചുകൊടുത്തിട്ടുമുണ്ട്. ചില പരാതികളില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിദ്യാര്‍ഥികളാണ് ആരോപണവിധേയരെന്നതിനാല്‍ അധികൃതരില്‍ ചിലര്‍ക്കുള്ള താല്‍പ്പര്യമാണ് പരാതികള്‍ക്ക് പുല്ലുവില കല്‍പ്പിച്ചതിന് കാരണമെന്നാണ് ആക്ഷേപം.ഹോസ്റ്റല്‍ സമരത്തെപ്പോലെത്തന്നെ റഗുലര്‍ വിദ്യാര്‍ഥികളെയും കായിക വിദ്യാര്‍ഥികളെയും തമ്മില്‍ തല്ലിക്കാനുള്ള ശ്രമമായി സര്‍വകലാശാലയിലെ ചില ഉന്നത ഉദ്യോഗസ്ഥരും കെഎസ്യു–എംഎസ്ഫുകാരും വിഷയം ഉപയോഗിക്കാനും ശ്രമിക്കുന്നുണ്ട്. കായിക വിദ്യാര്‍ഥികള മുഴുവനായി അധിക്ഷേപിക്കാനാണ് വിദ്യാര്‍ഥിനികള്‍ ചാന്‍സലര്‍ക്കും ചീഫ് ജസ്റ്റിസിനും പരാതി നല്‍കിയിരിക്കുന്നതെന്ന കുപ്രചാരണമാണിവരുടേത്.

Leave a Reply

Your email address will not be published. Required fields are marked *