ഒരു സിനിമ, മൂന്ന് സംവിധായകര്‍, 52 നിര്‍മാതാക്കള്‍; മടുപ്പിക്കില്ല മാല്‍ഗുഡി

ddപതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാഗാലാന്റില്‍ സംഭവിച്ച ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ് മാല്‍ഗുഡി ഡെയ്‌സ് എന്ന ചിത്രമൊരുക്കിയിരിക്കുന്നത്. മൂന്ന് സഹോദരങ്ങള്‍ ചേര്‍ന്നാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് എന്നാണ് ചിത്രത്തെ മലയാള സിനിമയുടെ ചരിത്രത്തില്‍ നിര്‍ത്താന്‍ പോകുന്നത്.

ഒരു സംഭവ കഥയെ അഭ്രപാളികളിലെത്തിയ്ക്കുമ്പോള്‍ പരിചയ സമ്പന്നരായ സംവിധായകര്‍ക്ക് പോലും കൈ വിറയ്ക്കും. എന്നാല്‍ പരിചയ സമ്പന്നതയല്ല, ഒരു കൂട്ടുകെട്ടിന്റെ വിജയമാണ് ഈ ചിത്രമെന്ന് പറയാം. വിവേക്, വിശാഖ്, വിനോദ് എന്നീ സഹോദരങ്ങള്‍ വളരെ പക്വതയോടെ, മിതത്വത്തോടെ സിനിമയെ അവതരിപ്പിച്ചു. പശ്ചാത്തലവും അഭിനയവും അതിനൊപ്പം സഞ്ചരിക്കുകയായിരുന്നു. ഇടുക്കിയിലെ ഹൈറേഞ്ചിലെ മാല്‍ഗുഡി പബ്ലിക് സ്‌കൂളിലാണ് കഥ നടക്കുന്നത്. ആദ്യമായി സ്‌കൂളില്‍ എത്തുന്ന പെണ്‍കുട്ടിയാണ് അതേന (ബേബി ജാനകി). മിലന്‍ (മാസ്റ്റര്‍ വിശാല്‍) എന്ന കുട്ടിയുമായി അതേന വളരെ പെട്ടന്ന് സൗഹൃദത്തിലാവുന്നു. ഈ കുട്ടികള്‍ക്കിടയിലേക്ക് സെഫന്‍ (അനൂപ് മേനോന്‍) എത്തുന്നതോടെയാണ് കഥയുടെ ഗതി മാറുന്നത്. തീര്‍ത്തും അപരിചിതനായ സെഫന്‍.

അയാള്‍ക്കൊരു കഴിഞ്ഞ കാലമുണ്ട്. ഭാര്യ ജാനറ്റുമൊത്തുള്ള (ഭാമ) ഒരു നിഗൂഢമായ കഴിഞ്ഞ കാലം. അപരിചിതനായ സെഫനിലൂടെയും ഈ രണ്ട് കുട്ടികളിലൂടെയുമാണ് പിന്നെ കഥ സഞ്ചരിയ്ക്കുന്നത്. ഒരുപാട് നിഗൂഢതയും, സസ്‌പെന്‍സും ഒളിപ്പിച്ചുവച്ചതായതുകൊണ്ട് ഇതില്‍ കൂടുതലൊന്നും സിനിമയെ കുറിച്ച് പറയാന്‍ കഴിയില്ല. കഥാപാത്രങ്ങളിലേക്ക് തിരിയുമ്പോള്‍, സെഫന്‍ എന്ന കഥാപാത്രം അനൂപ് മേനോനില്‍ ഭദ്രമാണ്. കുട്ടികളുമായുള്ള സ്‌ക്രീന്‍ കെമിസ്ട്രിയൊക്കെ പ്രത്യേകം പരമാര്‍ശം അര്‍ഹിയ്ക്കുന്നു. അതേനയുടെ അമ്മയായി വളരെ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പ്രിയങ്ക നായരും ചിത്രത്തിലെത്തുന്നുണ്ട്. സൈജു കുറുപ്പ്, ഇര്‍ഷാദ്, ടിപി മാധവന്‍, നോബി, സത്യദേവ്, സരവണ്‍, എബി മാധവ്, ബിനോയ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിയ്ക്കുന്നത്. നവാഗതരായ വിശാലും വിവേകും, വിനോദും ചേര്‍ന്നൊരുക്കിയ തിരക്കഥ തന്നെയാണ് അത്യന്തമായി സിനിമയുടെ ശക്തി.

ഒരു പബ്ലിക് സ്‌കൂളിലെ വൈവിധ്യങ്ങളൊക്കെ നല്ല രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സംവിധായകര്‍ ശ്രദ്ധിച്ചു. അനൂപ് മേനോനും കുട്ടികളും തമ്മിലുള്ള ഇമോഷന്‍ രംഗങ്ങളൊക്കെ ബാലന്‍സിങ് ആയിരുന്നു. എടുത്തു പറയേണ്ടത് ചിത്രത്തിന്റെ ക്യാമറ വര്‍ക്കാണ്. പശ്ചാത്തല സംഗീതം ഒരു റൊമാന്റിക് ത്രില്ലറിന്റെ മൂഡും ചിത്രത്തിന് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *