”ജ്യോത്സ്യന്‍മാര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ നടത്തട്ടെ, ഹനുമാന്‍ സേന സമരങ്ങളെ നേരിടട്ടെ, ഡിജിപി വള്ളസദ്യ ഉദ്ഘാടനം ചെയ്യട്ടെ”; ടിപി സെന്‍കുമാറിനെ അക്കമിട്ട് വിമര്‍ശിച്ച സിവില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ddതിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവ് ടിപി സെന്‍കുമാറിനെതിരെയും പുതിയ സര്‍ക്കുലറിനെതിരെയും ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട് സിവില്‍ പൊലീസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. പത്തനംതിട്ട എ.ആര്‍ ക്യാംപിലെ സിപിഒ രാജേഷ്‌കുമാറിനെയാണ് ജില്ലാ പൊലീസ് മേധാവി ടി.നാരായണന്‍ സസ്‌പെന്‍ഡ് ചെയ്തത്.  ഫെയ്‌സ്ബുക്ക് അടക്കമുളള സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്നത് സംബന്ധിച്ച് പൊലീസുകാര്‍ക്ക് സെന്‍കുമാര്‍ പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തി സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഇതിനെ രാജേഷ്‌കുമാര്‍ ശക്തമായി വിമര്‍ശിച്ചിരുന്നു.

നിശബ്ദതയുടെ പേരാണ് മരണം എന്നു പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. പ്രസക്തഭാഗങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു; കലാഭവന്‍ മണിക്കെതിരെ പോലീസ് നടപടിയെടുത്തപ്പോള്‍ താങ്കള്‍ മാധ്യമ സമക്ഷം ആരോപണമുന്നയിച്ചു. പൊലീസ് ജാതീയമായ പരിഗണനകള്‍ വെച്ച് പുലര്‍ത്തുന്നുവെന്നായിരുന്നു താങ്കളുടെ ആരോപണം. താങ്കള്‍ ജോലി രാജി വെച്ച് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതിന് ശേഷമല്ല ആ പ്രസ്താവന നടത്തിയത്. എന്നാല്‍ ജേക്കബ് തോമസ് സാര്‍ അദ്ദേഹത്തിന്റെ ഭാഗം മാധ്യമങ്ങളോട് വിശദീകരിച്ചപ്പോള്‍ താങ്കള്‍ പറഞ്ഞു; ‘രാജി വെച്ച് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കട്ടെ’. താങ്കളുടെ പോലീസ് പരിഷ്‌കരണ ശ്രമങ്ങളെ (പ്രത്യാശകളെ) പിന്തുണച്ചിരുന്ന ഞാന്‍ ആദ്യമായി താങ്കളെ കാണുന്നത് ആറന്‍മുള ക്ഷേത്രത്തില്‍ താങ്കള്‍ അഷ്ടമിരോഹിണി വള്ളസദ്യ ഉദ്ഘാടനത്തിന് എത്തിയപ്പോളാണ്!

പത്തനംതിട്ട ജില്ലയിലെ എല്ലാ സബ് ഡിവിഷനില്‍ നിന്നും പോലീസുകാരും വാഹനങ്ങളും. ക്ഷേത്ര മുറ്റത്തും റോഡിലുടനീളവും പോലീസ്! വ്യക്തിയുടെ സ്വകാര്യവും ആത്മീയവുമായ കാര്യമാണ് ആരാധനാലയ സന്ദര്‍ശനം. താങ്കള്‍ മതത്തെ ഔദ്യോഗിക ജീവിതത്തിലേക്ക് ബന്ധിപ്പിച്ചത് മതനിരപേക്ഷതയിലും അഭിപ്രായ സ്വാതന്ത്ര്യത്തിലും മാത്രം നിലനില്‍ക്കുന്ന ജനാധിപത്യ സംവിധാനത്തില്‍ ഏല്‍പ്പിച്ചത് ആഴമേറിയ മുറിപ്പാടുകളാണ്. മതപരമായ സ്വകാര്യ സന്ദര്‍ശനത്തിന് ഒരു ജില്ലയിലെ പോലീസ് സംവിധാനത്തിനെ ദുരുപയോഗം ചെയ്തു. താങ്കള്‍ കടന്നു വന്ന ഓരോ പോലീസ് സ്റ്റേഷന്‍ പരിധിയിലെയും പോലീസിന് അവരുടെ ചുമതലകള്‍ എല്ലാം മാറ്റി വെച്ച് അകമ്പടി സേവിക്കേണ്ടി വന്നു. ആയിരക്കണക്കിന് തെളിയിക്കപ്പെടാത്ത കേസുകള്‍, കാണാതാവുന്ന കുട്ടികള്‍, കൊലപാതകങ്ങള്‍, ബലാത്സംഗങ്ങള്‍…ഇവയുടെ മധ്യത്തില്‍ നിന്നാണ് പോലീസ്, ഒരുദ്യോഗസ്ഥന്റെ സ്വകാര്യ താല്‍പര്യത്തിനായ് പിന്‍വലിക്കപ്പെടുന്നത്…നീതി നിര്‍വ്വഹണത്തെ റദ്ദ് ചെയ്ത് കൊണ്ട്. താങ്കള്‍ അന്നേ ദിവസം അവധിയിലായിരുന്നോ? ആണെങ്കില്‍ ഔദ്യോഗിക വാഹനവും സംവിധാനങ്ങളും ഉപയോഗിച്ചത് എന്ത് കൊണ്ട് ? ദില്ലി മുഖ്യമന്ത്രി ശ്രീ അരവിന്ദ് കേജ്രിവാളിനേക്കാള്‍ സുരക്ഷാ ഭീതി താങ്കള്‍ക്ക് ഉണ്ടാവുന്നതെങ്ങനെ? ഒരു ക്രിമിനലിന് വാറന്റ് നടപ്പാക്കാന്‍ പോകുന്ന സാദാ പോലീസുകാരന്‍ നേരിടുന്ന സുരക്ഷാ ഭീഷണിയുടെ പത്തിലൊന്ന് ഭീഷണി നാം നേരിടുന്നുണ്ടോ?

ശാസ്ത്രീയ ചിന്തകളും ജീവിതവീക്ഷണവും ജനങ്ങളില്‍ കരുപ്പിടിപ്പിക്കാന്‍ ഭരണഘടനാപരമായ ഉത്തരവാദിത്വമുള്ള താങ്കളെപ്പോലെയുള്ളവര്‍, പൊതു ജനസേവന ഉപാധികളെ ദുരുപയോഗം ചെയ്യുന്നത് മൂലമുണ്ടാകുന്ന തെറ്റായ കീഴ്‌വഴക്കങ്ങളെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ആഴ്ചകള്‍ക്ക് മുന്‍പ് പണ്ഡിതനായ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ജ്യോതിഷികളുടെ ചടങ്ങില്‍ സംബന്ധിച്ച് പ്രഖ്യാപിച്ചു. ‘പോലീസ് കേസുകള്‍ തെളിയിക്കാന്‍ ജ്യോത്സ്യരെ ഉപയോഗിച്ചിട്ടുണ്ട്’. അതെ, പോലീസ് വകുപ്പിനെ നമുക്ക് പിരിച്ച് വിടാം!, ജ്യോത്സ്യന്‍മാര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ നടത്തട്ടെ, ഹനുമാന്‍ സേന സമരങ്ങളെ നേരിടട്ടെ, ഡിജിപി വള്ളസദ്യ ഉദ്ഘാടനം ചെയ്യട്ടെ, എന്ത് മതനിരപേക്ഷത! എന്ത് ജനാധിപത്യം ! എന്ത് രാഷ്ട്രീയം! ഇങ്ങനെ പോകുന്നു രാജേഷ് കുമാറിന്റെ അതിനിശിതമായ വിമര്‍ശനങ്ങള്‍. ഡിജിപിയെയും, അദ്ദേഹത്തിന്റെ നടപടികളെയും അക്കമിട്ട് വിമര്‍ശിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് നേരത്തെ സോഷ്യല്‍മീഡിയയിലും ചര്‍ച്ചയായിരുന്നു.

തുടര്‍ന്ന് പോസ്റ്റ് ഡിജിപിയുടെ ശ്രദ്ധയില്‍പ്പെടുകയും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി വി.കെ. രാജു രാജേഷ്‌കുമാറിനെ വിളിച്ചുവരുത്തി മൊഴിയെടുക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിന്‍മേലാണ് രാജേഷ്‌കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്.  – See more at:

Leave a Reply

Your email address will not be published. Required fields are marked *